Saturday, May 4, 2013

അന്ന കൊച്ചമ്മയുടെ കുശിനിക്കാരി




നമസ്ക്കാരം ..എന്‍റെ പേര് കുഞ്ഞാമി  .ജനിച്ച സമയവും തിയതിയും ഓര്‍മയില്ല .ഓര്‍ത്തെടുക്കാനും മിനക്കെടുന്നില്ല .കാരണം ഞങ്ങള്‍ പൂച്ചകള്‍ നിങ്ങളെപ്പോലെ മെഴുകുതിരി ഊതി കേക്ക് മുറിച്ചു ബര്‍ത്ത്ഡേ ആഘോഷിക്കാറില്ല . ഞാന്‍ ഒരു ഇത്തിരി കുഞ്ഞന്‍ കുറിഞ്ഞി പൂച്ചയാണ് .സഞ്ചാരപ്രിയ.വീടുകളില്‍ നിന്നും വീടുകളിലേക്ക് നീളുന്ന പ്രയാണം .ഞാന്‍ ഒരു സ്ഥലത്തും വലിഞ്ഞു കയറി ചെല്ലാറില്ല .വീട്ടുകാര്‍ക്ക് എന്‍റെ പാര്‍പ്പു ബുദ്ധിമുട്ടല്ല എന്ന് തോന്നിയാല്‍ മാത്രം ഞാന്‍ അവിടെ തങ്ങും .കൂടിയാല്‍ ഒരു 3 - 4 മാസം .അത് കഴിഞ്ഞാല്‍  എനിക്ക് ബോറടിക്കും .പിന്നെ അവിടെ നിന്നിറങ്ങും .ഈ വീടുകളില്‍ ഞാന്‍ കണ്ടതും കേട്ടതും ചേര്‍ത്ത് വച്ച് ഒരു ബ്ലോഗ്‌ എഴുതിയാലോ എന്ന് ചിന്തിച്ചു തുടങ്ങിയിട്ട് കുറെ നാളായി .ഇപ്പോഴാ സമയം കിട്ടിയത് .ഓരോ വീട്ടിലെയും കഥകള്‍ ..അവ പേറുന്ന രഹസ്യങ്ങള്‍ ,ചില തമാശകള്‍.. ഇതൊക്കെയാണ്എന്‍റെ ബ്ലോഗില്‍ .ഓരോ വീട്ടുകാരും എന്നെ പല പേരുകള്‍  ചൊല്ലി വിളിക്കാറുണ്ട്.എങ്കിലും ഞാന്‍ എന്നെ കുഞ്ഞാമി എന്നാണ് വിളിക്കുന്നത്‌ .അത് കൊണ്ട് തന്നെ  ഈ ബ്ലോഗ്‌ "കുഞ്ഞാമിയുടെ യാത്രകള്‍ " എന്ന് നാമകരണം ചെയ്യാന്‍ തീരുമാനിച്ചു .എല്ലാവര്‍ക്കും സ്വാഗതം " മ്യാവൂ "
അന്ന കൊച്ചമ്മയുടെ കുശിനിക്കാരി 
 
   അന്ന് ഒരു മഴയുള്ള രാത്രിയായിരുന്നു .വെറും മഴയല്ല കേട്ടോ .കൊടും മഴ !!!ഇടിയും മിന്നലുംഒപ്പം നല്ല കാറ്റും  .ഞാന്‍ അന്ന് വലിയ വലുപ്പം ഒന്നും ഇല്ലായിരുന്നു .എന്നാല്‍ എലി കുഞ്ഞിനെപ്പോലെ പ്രാഞ്ചി പ്രാഞ്ചിയുള്ള നടപ്പൊന്നും ഇല്ല കേട്ടോ .ചുറുചുറുക്കുള്ള കുഞ്ഞ്യേ കണ്ണുള്ള ഒരു പൂച്ച !!.ഇരിഞ്ഞികുറിക്കല്‍ കൊപ്രാകളത്തിലെ വാസം അവസാനിപ്പിച്ചു പോരുകയായിരുന്നു ഞാന്‍ . അതിനു ഒരു കാരണം ഉണ്ടായിരുന്നു .അതിന്‍റെ മുതലാളി കൊപ്രാക്കളം ഇടിച്ചു നിരത്തി  ഓടിറ്റോറിയം എന്ന വലിയ ഒരു കെട്ടിടം ഉണ്ടാക്കാന്‍ പോകുന്നു എന്നും അതിനാല്‍ ഞാന്‍ അടക്കം അതിന്‍റെ ഇരുണ്ട മൂലയില്‍ ഒളിച്ചു ജീവിക്കുന്ന എലികള്‍ക്കും ഇനി അധികം ആയുസുണ്ടാവില്ലെന്നും പണികാരന്‍ ഫീലിപ്പോസ് പറയുന്നത് കേട്ടു. പറഞ്ഞത് വെറുതെയല്ല എന്ന് ഉച്ചക്ക് ശേഷം  അവിടെ കൊണ്ടിട്ട നീണ്ട പല്ലുകളുടെ അറ്റം പോലത്തെ കൊമ്പുള്ള ആ വലിയ വണ്ടി വന്നപ്പോള്‍ ഞങ്ങള്‍ക്ക് തോന്നി .പലരും പല വഴിക്ക് പോയി .എനിക്കിത്തിരി അന്തസ്സോടെ ജീവിക്കണം .ഞാന്‍ തീരുമാനിച്ചു  അങ്ങനെ അന്തസുള്ള വീടും വീട്ടുകാരെയും തേടി നടന്നു ഇവിടെ വരെ എത്തി

പെട്ടെന്ന് ഒരു വലിയ ഇടി വെട്ടി ഓടി കയറിയത് ആ വീട്ടിലേക്കു ആയിരുന്നു . ആ വീടിനു വലിയൊരു മതില്‍ കെട്ടും ഇരുമ്പ് ഗേറ്റും ഉണ്ടായിരുന്നു .ഗേറ്റ് പൂട്ടിയിട്ടില്ല ..അതിനാല്‍ ഞാന്‍ വേഗത്തില്‍ ഓടിക്കയറി .ഉമ്മറത്തേക്ക് കയറാന്‍ ഒരു ചെറിയ പേടി .അങ്ങനെയാണ് ഞാന്‍ അടുക്കള വശത്തേക്ക് പോയത് . പേടി വേറെ ഒന്നും കൊണ്ടല്ലായിരുന്നു .ആ വീടിന്റെ വലുപ്പം ഒപ്പം ഞാന്‍വളരെ ചെറുതാണ് എന്ന ബോധവും.ഇവയാണ് എന്നെ അടുക്കളയിലേക്കു പോകാന്‍ പ്രേരിപ്പിച്ചത് .കാരണം അവിടെയാണല്ലോ അപ്രധാനമായ കഥാപാത്രങ്ങള്‍ ഉള്ളത് .

ഇത്രയും വലിയ വീട്ടിലെ കൊച്ചമ്മ ആ മഴയത്ത് അടുക്കളയില്‍ ഉണ്ടാവില്ല എന്ന് ഞാന്‍ ഉറപ്പിച്ചു . ഒരു വേലക്കാരി ,അല്ലെങ്കില്‍ കാര്യസ്ഥന്‍ !!!സാധാരണ ആ പറഞ്ഞ ആളുകളാണ് ആ നേരത്ത് അവിടെ ഉണ്ടാവുക എന്ന് എനിക്ക് ഈ കുറച്ചു കാലത്തെ അനുഭവ പരിചയം കൊണ്ട് അറിയാം . ഊഹം തെറ്റിയില്ല .ഒരു പുള്ളി പാവാടക്കാരി ഉണ്ടായിരുന്നു അവിടെ .സാധാരണ ഞാന്‍ ഈ ഞോറിഞ്ഞുടുത്ത വാലുള്ള ചേടത്തിമാരെയാണ് അത്തരം ഇടങ്ങളില്‍ കാണാറുള്ളത്‌ .. എന്‍റെ നേരെ മീന്‍ വെള്ളമാണോ തിളച്ച വെള്ളമാണോ ഇനി ഉരുണ്ട ഒരു കൈലാണോ വരുന്നത് എന്നറിയാതെ ഇവയിലേതിനെയെങ്കിലും പ്രതീക്ഷിച്ചു കൊണ്ട് ഞാന്‍ വാതില്‍ പടിയില്‍ നിന്നും ഒന്ന് വിളിച്ചു "മ്യാവു"!!! പരമാവതി ദയനീയത കലര്‍ത്തിയായിരുന്നു ആ വിളി .

ആ പെണ്ണ് ഒന്ന് തിരിഞ്ഞു ."എന്ത്യേടി കുറിഞ്യെ ...വിശക്കുന്നുണ്ടോ "
എന്നെ ആകെ അത്ഭുതപ്പെടുത്തിയ ഒരു ചോദ്യം .കാരണം ഇത്തരം ചോദ്യങ്ങള്‍ ഒന്നും എവിടെയും പതിവിലായിരുന്നു
"പൂച്ചേ പോ ..കള്ളപൂച്ചേ ത്ഫൂ " ഇതായിരുന്നു നാളിതുവരെ കേട്ടു ശീലിച്ചതു .മാത്രമല്ല ഞാന്‍ ഒരു "കുറിഞ്ഞി " പൂച്ചയാണെന്ന് അവള്‍ എപ്പോളാണ് അറിഞ്ഞത് ? ഞാന്‍ വാലൊന്നും പൊക്കി കാണിച്ചില്ലല്ലോ .

ഓഎന്തോ ആവട്ടെ ..അവളുടെ പഞ്ചസാര വിളിയില്‍ ഞാന്‍ അങ്ങ് അലിഞ്ഞു പോയി .ഓടിയൊരു പോക്കായിരുന്നു . എന്ത് നല്ല മണമാ അവളെ !!!സാധാരണ ചേടത്തിമാരില്‍ നിന്നും പൊങ്ങുന്ന പോത്തിറച്ചിയുടെ മണമൊന്നും അവള്‍ക്കു ഉണ്ടായിരുന്നില്ല .ഔത മുതലാളിയുടെ തോട്ടത്തില്‍ വിരിഞ്ഞ ഒരു റോസാപൂ ഞാന്‍ ഒരിക്കല്‍ മണപ്പിച്ചിട്ടുണ്ട് ..അത് അവിടുത്തെ ചെറുക്കന്‍ പടമെടുത്തു .അതേ മണമാ ഇവള്‍ക്കും .ഹോ !!എനിക്ക് സന്തോഷം തോന്നി .സ്നേഹവും അന്തസ്സും ഉള്ളവള്‍ .കൊള്ളാം .കൊപ്രാകളത്തിലെ മറ്റു കൂട്ടുകാരെ എന്നെങ്കിലും കാണുമ്പോള്‍ പറയണം .ഞാന്‍ മനസ്സില്‍ കരുതി .അവള്‍ തന്ന മീന്‍ കൂട്ടാനും ചോറും പതിയെ ആസ്വദിച്ചു തിന്നുമ്പോള്‍ മുള്ളുകള്‍ നീക്കി നല്ലൊരു കഷ്ണം ഇട്ടു തന്നു അവള്‍ ..അന്ന കൊച്ചമ്മയുടെ കുശിനിക്കാരി !!!

ഭക്ഷണ ശേഷം ഞാന്‍ അവളുടെ മുറിയില്‍ തന്നെയാണ് കിടന്നതും .. ഹോ !!കൊപ്രാകളത്തിലെ ജീവിതത്തെ ഓര്‍ത്ത്‌ ഞാന്‍ വ്യസനിച്ചു .പണിക്കാര്‍ ബാക്കി വയ്ക്കുന്ന മീന്‍ മുള്ളുകള്‍ ,ഇത്തിരി ചോറ് വറ്റു പിന്നെ വല്ലപ്പോഴും അയല്‍പ്പക്കത്തെ വീട്ടില്‍ നിന്നും പുറത്തേക്കു എറിയുന്ന അവശിഷ്ട്ങ്ങള്‍ .ഇവയായിരുന്നു ഭക്ഷണം .അവിടുത്തെ എലികളെ പിടിക്കല്‍ ആയിരുന്നു ഞങ്ങളില്‍ നിക്ഷിപ്തമായ കര്‍മമെങ്കിലും ഞാന്‍ ഇന്നേ വരെ ഒരു എലിയെ പിടിക്കുക പോയിട്ട് ഓടിക്കുക പോലും ചെയ്തിട്ടില്ല .വെറുതെയല്ല എന്റെ വളര്‍ച്ച മുരടിച്ചു പോയത് .അങ്ങനെ ഓരോന്നോര്‍ത്ത് ഞാന്‍ ഉറങ്ങിപ്പോയി

നല്ല ഇറച്ചി കറിയുടെ മണം !! അതാണ് എന്നെ ഉണര്‍ത്തിയത് .കുശിനിക്കാരി തിരക്കിലാണ് .എനിക്ക് തിരക്കൊന്നും ഇല്ലായിരുന്നു ..ഞാന്‍ മുറ്റത്തേക്കിറങ്ങി .ഇത്തിരി മണല്‍ കൂട്ടി ഇട്ടിരിക്കുന്ന മൂല ലക്ഷ്യമാക്കി നടന്നു

"ട്രീസേ ..ഡീ പെണ്ണെ "- നീട്ടിയൊരു വിളികേട്ടു .അപ്പോള്‍ അതാണ്‌ അവളുടെ പേര് ട്രീസ .കൊള്ളാം .പുള്ളിപാവാട പിന്തുടര്‍ന്ന് ഞാന്‍ ആ വിളിയുടെ ഉടമയെ തിരഞ്ഞു പോയി
അതൊരു വലിയ വീടാണെന്നു ഞാന്‍ മുന്‍പേ പറഞ്ഞിരുന്നല്ലോ .പക്ഷെ അതിന്‍റെ അകം ഇത്രയും ഇരുട്ട് നിറഞ്ഞതാകും എന്ന് കരുതിയില്ല ..കൂറ്റന്‍ കോണി പടികള്‍ .നല്ല ബലമുള്ള തടി കസേരകള്‍..

ഒരു വലിയ മുറിയിലേക്കാണ്‌ ഞാന്‍ എത്തിയത് .കട്ടിലില്‍ ഒരു സ്ത്രീ ..അല്ല ഒരമ്മച്ചി ..കര്‍ത്താവെ കര്‍ത്താവെ എന്നുരുവിട്ടു ഒരു മാലയും പിടിച്ചു കിടക്കുന്ന വല്യമ്മ .പിന്നീടു ഞാന്‍ അറിഞ്ഞു അവരാണ് അന്ന കൊച്ചമ്മ എന്ന് .ആ വീടിന്റെ ഉടമസ്ഥ .തോട്ടക്കാരന്‍ അവറാന്‍ മാവിന് വിലപറയാന്‍ വന്ന ഒരു മീശ ക്കാരനോട് പറഞ്ഞു കേട്ടതാ .അവരാണ് ഈ കണ്ട സ്വത്തുക്കളുടെ ഉടമ ..പിന്നെയുള്ള താമസക്കാര്‍ അവരുടെ അനിയന്‍ തോമാസും കെട്ടിയോളും പിള്ളേരും .അന്ന കൊച്ചമ്മേടെ കെട്ട്യോന്‍ പണ്ടേ കര്‍ത്താവിന്റെ അടുത്ത് പോയത്രേ ..പിന്നെയുമുണ്ട് കുറെയെണ്ണം  .ഒക്കെ വേറെ രാജ്യത്താണ് .

ട്രീസയാണ് കട്ടിലില്‍ അട്ടം നോക്കി കിടന്നിരുന്ന അന്ന കൊച്ചമ്മയുടെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് .ആ പെണ്ണിന് കോണിപ്പടി ഇറങ്ങാനും കയറാനും മാത്രമേ നേരമുള്ളൂ .എന്തൊക്കെയായാലും എനിക്ക് അന്ന കൊച്ചമ്മയുടെ മുറി ഇഷ്ട്ടപ്പെട്ടു .ഞാന്‍ അവിടെ നിന്നാലും കിടന്നാലും ആരും ശ്രദ്ധിക്കില്ല .ചിലപ്പോഴൊക്കെ ട്രീസ അടുക്കളയില്‍ തിരക്കിലാണെന്ന് ഉറപ്പു വരുത്തി ഞാന്‍ അന്ന കൊച്ചമ്മയുടെ മെത്തയില്‍ കിടക്കാറുണ്ട് .എന്താ സുഖം ..

സമയത്തിനു ചോറ് ,മീന്‍ ,ഇറച്ചി കറി,എല്ലും കപ്പയും !!! ഞാന്‍ അങ്ങ് കൊഴുത്തു..രോമങ്ങള്‍ എല്ലാം നല്ല നീളം വച്ചു.സൌന്ദര്യം ഒന്ന് കൂടി .അല്ല ഞാന്‍ പണ്ടേ സുന്ദരിയാ .ഇത്തിരി മെലിഞ്ഞ സുന്ദരി ആയിരുന്നു എന്നേ ഉള്ളൂ.

എനിക്ക് ആ വീട്ടില്‍ രണ്ടേരണ്ടു ശത്രുക്കളെ ഉണ്ടായിരുന്നുള്ളൂ .ഒന്ന് അവറാന്‍ ചേട്ടന്‍ ..ആ മനുഷ്യന്‍ തക്കം കിട്ടിയാല്‍ എന്നെ ഓടിക്കും അയാളുടെ ചെടി തോട്ടത്തില്‍ സ്ഥിരമായി കാണുന്നത് എന്‍റെ കാട്ടം ആണത്രെ ..ഉവ്വ എനിക്ക് വേറെ പണിയില്ല .ചെടികളും പൂക്കളും മണത്തു നോക്കാന്‍ അയാളുടെ ഉണക്ക പൂന്തോട്ടത്തില്‍ കയറും എന്നല്ലാതെ അത്തരം മോശം പരിപാടികള്‍ കുഞ്ഞാമി അവിടെ ചെയ്യാറില്ല .പിന്നെയുള്ളത് കൂട്ടിലെ കറുത്ത നായയാണ്‌ .ബ്ലൂമി .അവള്‍ക്കു എന്‍റെ സ്വാതന്ത്രവും സൌന്ദര്യവും പിടിക്കില്ല എന്ന് തോന്നുന്നു .അല്ലെങ്കിലും എന്‍റെ ചുറുചുറുക്കില്‍ പലര്‍ക്കും അത്തരം അസൂയകള്‍ തോന്നാറുണ്ട് .സ്വാഭാവികം .മറ്റാരും എന്നെഅധികം ശ്രദ്ധിക്കാറില്ല .ഞാന്‍ അതിനു ഇടവരുത്താറില്ല .ഈ തുറന്നു വച്ചമീഞ്ചട്ടിയില്‍ തലയിട്ടു നോക്കുക ,മീന്‍കഴുകുമ്പോള്‍ അടുത്ത് ചെന്ന് തല നീട്ടി കരയുക ..മറ്റുള്ളവര്‍ ഭക്ഷണം കഴിക്കുമ്പോള്‍ നോക്കി നിന്ന് വെള്ളമിറക്കുക ഇതൊന്നും എന്നെ പോലെ അന്തസുള്ള ഒരു പൂച്ച ചെയ്യാറില്ല എന്ന്കൂട്ടിക്കോളു 

ഞാന്‍ ഇപ്പോഴുംഓര്‍ക്കുന്നു .അന്നുംഇതേ പോലെ മഴയും ഇടിയും മിന്നലുമുണ്ടായിരുന്നു .ഞാന്‍ എന്തോ അന്ന് അന്ന കൊച്ചമ്മയുടെ മുറിയിലാണ് കിടന്നത് .. .രാത്രി അവര്‍ക്കുള്ള പാല് കൊടുക്കാനായി ട്രീസ വന്നു . അവര്‍ക്ക് പാല് കൊടുത്തു അവള്‍ തിരിച്ചു പോയി .പിന്നീട് രാത്രിയിലെപ്പോഴോ ട്രീസ വീണ്ടും എത്തി .ഇത് പതിവില്ലാത്തതാണല്ലോ എന്ന് ഞാന്‍ ഓര്‍ക്കാതിരുന്നില്ല .അന്ന കൊച്ചമ്മയുടെ കാലുകള്‍ കെട്ടിപിടിച്ച് അവള്‍ കരഞ്ഞു ..എനിക്കെന്തോ പന്തികേട്‌ തോന്നി .അവള്‍ തിരിച്ചു പോയപ്പോള്‍ പിന്നാലെ ഞാനും പോയതാണ് .പക്ഷെ അതിനു മുന്‍പേ അവള്‍ പുറത്തു കടന്നു വാതില്‍ അടച്ചു കളഞ്ഞു .

നല്ല മഴയും തണുപ്പും ആയതു കൊണ്ട് അവരുടെ ചൂരല്‍ കസേരയില്‍ കിടന്നു ഞാന്‍ ഉറങ്ങി പോയി .ഒരു വലിയ ബഹളമാണ് എന്നെ എഴുന്നെല്‍പ്പിച്ചത്."അയ്യോ ..പോയല്ലോട്യെ മക്കളെ ..അന്നമ്മാമ്മ നമ്മളെവിട്ടു പോയല്ലോട്യെ " തോമാസിന്റെ കെട്ട്യോള്‍ രണ്ടുപിള്ളാരേം അടക്കി പിടിച്ചു നെഞ്ചത്തടിച്ചു നില വിളിക്കുന്നു ..പിള്ളേര്‍ഇതിലൊന്നും വലിയ താല്പര്യം കാണിക്കാതെ  അമ്മേടെ കക്ഷത്തിന്റെ ഇടയില്‍ തല വച്ച് കിടക്കുന്നു .പള്ളീലച്ചന്‍ വന്നു ..പ്രാര്‍ത്ഥനകള്‍ ..നിലവിളികള്‍ ..നിറയെ ആള്‍കൂട്ടം .ഞാന്‍ ട്രീസയെ തിരഞ്ഞു .അടുക്കളപ്പപടിയില്‍ അവള്‍ അങ്ങനെ ഇരിക്കുന്നു ..വിഷമിച്ചു ചങ്ക് പൊട്ടി കൊണ്ട് .പിന്നെ ഞാന്‍ കേട്ടത് ഒരു പതിഞ്ഞ മുരള്‍ച്ച യാണ് "മിണ്ടി പോകരുത് ഏന്‍ന്ത്യന്നിച്ചി ...കാശു ഇനീം തരും ..നീയിത്തിരി നേരെത്തെ അവരെ അങ്ങ് പറഞ്ഞയച്ചു .അത്രേന്നെ .ഇനി മിണ്ടിയാല്‍ ..നിന്റെ താഴെ കൊറേയെണ്ണമുണ്ടല്ലോ.കത്തിക്കും ഞാന്‍ .തോമാസിന് ഇത് പുത്തരിയല്ല .കേട്ടോടി "

കാര്യങ്ങള്‍ ഏറെ കുറെ എനിക്ക് മനസിലായി .ഞാനും ചോറും മീങ്കറിയുമല്ലേ കഴിക്കുന്നത്‌ .ട്രീസയോടു എനിക്ക് കണക്കറ്റ വെറുപ്പ്‌ തോന്നി .അന്നകൊച്ചമ്മ അലങ്കരിച്ച വണ്ടിയില്‍ യാത്രയായപ്പോള്‍ ഞാനും ഇറങ്ങി അവിടെ നിന്നും .ഇനി ഒരു ദിവസം എനിക്കും അവള്‍ മീങ്കറിയില്‍ വിഷം ചേര്‍ത്തു തരും .ഉറപ്പാ ..അന്തസുള്ള വീടത്രേ .ത്ഫൂ ..എന്‍റെ കുഞ്ഞി വാ കൊണ്ട് ഞാന്‍ ഒന്ന് തുപ്പി .

രണ്ടു ദിവസം അലഞ്ഞു തിരിഞ്ഞു ..പറ്റിയ പാര്‍പ്പിടം കിട്ടിയില്ല ..മനുഷ്യരില്‍ ഉള്ള വിശ്വാസം തന്നെ പോയി ..അന്ന് വൈകുന്നേരം പാണ്ടന്‍ നായ ഓടി പോകുന്നത് കണ്ടാണ്‌  ഞാന്‍ കവലയിലെ ചായ പീടികയുടെ വാതില്‍ക്കല്‍ നിന്നും ചാടി എഴുന്നേറ്റത്. അവന്‍ ആരോടോ വിളിച്ചു പറഞ്ഞു "അന്ന കൊച്ചമ്മേടെ അവിടുത്തെ ആ കുശിനിക്കാരി ചത്തു ..കാണണേ പുഴക്കരേല്‍ വാ " അവനു പിറകെ ഏതോ നായ ഓടിപ്പോയി .എനിക്ക് വലിയ വിഷമം തോന്നി .പയ്യെ ഞാനും നടന്നു അങ്ങോട്ട്‌ .അവള്‍ അവിടെ കിടപ്പുണ്ടായിരുന്നു ..കമഴ്ന്നു ..പുള്ളിപ്പാവട ഇട്ടു കൊണ്ട് ..പാത്രകടക്കാരന്‍ പൗലോസ്‌ മാപ്പിള പറഞ്ഞു "ഹും കര്‍ത്താവിന്റെ കളികളെ ..ഒരിറ്റു സ്വര്‍ണത്തിനല്ലോ ഈ ഒരുമ്പട്ടോള് അന്ന കൊച്ചമ്മേനെ കൊന്നത് .തോമാസ് കുട്ടി കയ്യോടെ പിടികൂടിയില്ലേ അവള്‍ടെ പെട്ടീന്ന് ..കുറ്റബോധം ..അടുക്കള തിണ്ണയില്‍ എഴുതി വച്ച് ചാടി ചത്തു "

മനസ്സില് വലിയ വേദന .കുഞ്ഞാമിഎങ്ങനെ ഇങ്ങനെയൊന്നും വേദനിക്കാറില്ല .പക്ഷെ ഇത് .എനിക്ക് പലതും വിളിച്ചു പറയണമെന്നുണ്ടായിരുന്നു ..എന്ത് ചെയ്യാം ..ഞാന്‍ തിരിച്ചു നടന്നു .അപ്പോഴും രണ്ടു ദിവസം മുന്‍പ് അവള്‍ ഒട്ടിച്ചു തന്ന സ്റ്റിക്കര്‍ പൊട്ട് എന്‍റെ നെറ്റിയില്‍ ഉണ്ടായിരുന്നു .

Friday, July 6, 2012

എന്‍റെ പരിചയപ്പെടുത്തല്‍

നമസ്ക്കാരം ..എന്‍റെ പേര് കുഞ്ഞാമി  .ജനിച്ച സമയവും തിയതിയും ഓര്‍മയില്ല .ഓര്‍ത്തെടുക്കാനും മിനക്കെടുന്നില്ല .കാരണം ഞങ്ങള്‍ പൂച്ചകള്‍ നിങ്ങളെപ്പോലെ മെഴുകുതിരി ഊതി കേക്ക് മുറിച്ചു ബര്‍ത്ത്ഡേ ആഘോഷിക്കാറില്ല . ഞാന്‍ ഒരു ഇത്തിരി കുഞ്ഞന്‍ കുറിഞ്ഞി പൂച്ചയാണ് .സഞ്ചാരപ്രിയ.വീടുകളില്‍ നിന്നും വീടുകളിലേക്ക് നീളുന്ന പ്രയാണം .ഞാന്‍ ഒരു സ്ഥലത്തും വലിഞ്ഞു കയറി ചെല്ലാറില്ല .വീട്ടുകാര്‍ക്ക് എന്‍റെ പാര്‍പ്പു ബുദ്ധിമുട്ടല്ല എന്ന് തോന്നിയാല്‍ മാത്രം ഞാന്‍ അവിടെ തങ്ങും .കൂടിയാല്‍ ഒരു 3 - 4 മാസം .അത് കഴിഞ്ഞാല്‍  എനിക്ക് ബോറടിക്കും .പിന്നെ അവിടെ നിന്നിറങ്ങും .ഈ വീടുകളില്‍ ഞാന്‍ കണ്ടതും കേട്ടതും ചേര്‍ത്ത് വച്ച് ഒരു ബ്ലോഗ്‌ എഴുതിയാലോ എന്ന് ചിന്തിച്ചു തുടങ്ങിയിട്ട് കുറെ നാളായി .ഇപ്പോഴാ സമയം കിട്ടിയത് .ഓരോ വീട്ടിലെയും കഥകള്‍ ..അവ പേറുന്ന രഹസ്യങ്ങള്‍ ,ചില തമാശകള്‍.. ഇതൊക്കെയാണ്എന്‍റെ ബ്ലോഗില്‍ .ഓരോ വീട്ടുകാരും എന്നെ പല പേരുകള്‍  ചൊല്ലി വിളിക്കാറുണ്ട്.എങ്കിലും ഞാന്‍ എന്നെ കുഞ്ഞാമി എന്നാണ് വിളിക്കുന്നത്‌ .അത് കൊണ്ട് തന്നെ  ഈ ബ്ലോഗ്‌ "കുഞ്ഞാമിയുടെ യാത്രകള്‍ " എന്ന് നാമകരണം ചെയ്യാന്‍ തീരുമാനിച്ചു .എല്ലാവര്‍ക്കും സ്വാഗതം " മ്യാവൂ "